മാരിയറ്റ് ഇന്‍റര്‍നാഷനല്‍ ഒമാനില്‍ നാലു ഹോട്ടലുകള്‍കൂടി തുറക്കും
ബഹുരാഷ്ട്ര ആഡംബര ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് ഇന്‍റര്‍നാഷനല്‍ ഒമാനില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലു ഹോട്ടലുകള്‍കൂടി തുറക്കുമെന്ന് മാരിയറ്റ് ഗ്രൂപ് മിഡിലീസ്റ്റ് ആന്‍ഡ് ആഫ്രിക്ക പ്രസിഡന്‍റ് അലക്സ് കിര്യാക്കെദെസ് പറഞ്ഞു.
നിലവില്‍ കഴിഞ്ഞദിവസം തുറന്ന ഷെറാട്ടണ്‍ ഒമാന്‍ അടക്കം മൂന്ന് നക്ഷത്ര ഹോട്ടലുകളുടെ പ്രവര്‍ത്തന ചുമതല കമ്പനിക്കുണ്ട്. അല്‍ ബുസ്താന്‍ പാലസ് ഹോട്ടല്‍, സലാല മാരിയറ്റ് റിസോര്‍ട്ട് എന്നിവയാണ് അവ.
ഈ മൂന്ന് ഹോട്ടലുകളിലുമായി എഴുന്നൂറിലധികം മുറികളാണുള്ളത്. നാലു ഹോട്ടലുകള്‍കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയില്‍ മാരിയറ്റിന് നിര്‍ണായക സ്വാധീനമുയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 175 മുറികളുള്ള എലോഫ്റ്റ് മസ്കത്ത്, 250 മുറികളുള്ള ഡബ്ള്യൂ ഹോട്ടല്‍ മസ്കത്ത്, 350 മുറികളുള്ള വെസ്റ്റിന്‍ മസ്കത്ത്, 320 മുറികളുള്ള ജെ.ഡബ്ള്യു മാരിയറ്റ് മസ്കത്ത് കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവയാണ് പുതുതായി വരുന്ന ഹോട്ടലുകള്‍.
രാജ്യത്തിന്‍െറ ടൂറിസം വികസനത്തില്‍ ഭാഗമാകുന്നതിനൊപ്പം ഹോട്ടല്‍വ്യവസായ മേഖലയില്‍ നവീന മാനദണ്ഡങ്ങള്‍ കൊണ്ടുവരുകയുമാണ് മാരിയറ്റ് ലക്ഷ്യമിടുന്നതെന്ന് അലക്സ് പറഞ്ഞു. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള സുല്‍ത്താനേറ്റിന്‍െറ ‘വിഷന്‍ 2020’ പദ്ധതിയില്‍ വിനോദസഞ്ചാര മേഖലക്ക് സുപ്രധാന സ്ഥാനമാണുള്ളത്.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സേവനമേഖല വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കര്‍മപരിപാടിയുടെ ഭാഗമായി ഒമാന്‍ മുമ്പുള്ളതിനേക്കാള്‍ താല്‍പര്യത്തോടെ അന്താരാഷ്ട്ര നിക്ഷേപകരെ സ്വാഗതം ചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒമാന്‍െറ ടൂറിസം മേഖലയില്‍ ക്രമമായ വളര്‍ച്ച അനുഭവപ്പെടുന്നുണ്ട്.
2010നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഒമ്പതു ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം മാത്രം രാജ്യത്ത് 2.6 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയതായാണ് സര്‍ക്കാര്‍ കണക്കുകളെന്നും അലക്സ് കിര്യാക്കെദെസ് പറഞ്ഞു. ടൂറിസം മേഖലയില്‍ കുറഞ്ഞത് എട്ടുമുതല്‍ 12 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി പറഞ്ഞു.
പുതിയ മസ്കത്ത് വിമാനത്താവളവും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററും ഏതാനും നക്ഷത്ര ഹോട്ടലുകളും വരുംവര്‍ഷങ്ങളില്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 




