ഗതാഗതനിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നത് ശീലമാക്കിയവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ജേ വാക്കിങ് എന്നറിയപ്പെടുന്ന ഇത്തരം പ്രവൃത്തിക്ക് പിടിയിലാകുന്നവരിൽനിന്ന് പിഴ ഇൗടാക്കുമെന്ന് പൊലീസ് അറിയിച്ചു. പത്തു റിയാലാണ് പിഴ ചുമത്തുക. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം മൂന്നു മാസം തടവുശിക്ഷയടക്കം നിയമനടപടികൾക്ക് ഇരയാകേണ്ടിയും വരും. ജേ വാക്കിങ് നിയമവിരുദ്ധവും അപകടകരവുമായ പ്രവണതയാണെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു. നമുക്ക് ചുറ്റുമുള്ളവരെ അനാവശ്യമായി അപകടത്തിലും ബുദ്ധിമുട്ടിലും കൊണ്ടുപോയി ചാടിക്കുന്നതാണ് ഇത്. കാൽനടയാത്രക്കാർ ഉൾപ്പെട്ട അപകടങ്ങൾ കഴിഞ്ഞ വർഷം ഉയർന്ന സാഹചര്യത്തിലാണ് ആർ.ഒ.പി കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം നിയമലംഘകരുടെ ചിത്രങ്ങൾ സാധ്യമെങ്കിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് എടുത്ത് കൈമാറാവുന്നതുമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരവധി നിയമലംഘകർക്കെതിരെ നടപടിയെടുത്തതായും ആർ.ഒ.പി വക്താവ് അറിയിച്ചു. റോയൽ ഡിക്രി 38/2016 പ്രകാരം കാൽനടയാത്രക്കാർ മേൽപാലങ്ങൾ, ടണലുകൾ, കോറിഡോറുകൾ, പ്രത്യേകം രേഖപ്പെടുത്തിയ ഭാഗങ്ങൾ എന്നിവയിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാൻ പാടുള്ളൂ. മേൽപാലമുണ്ടെങ്കിലും സമയലാഭം നോക്കി അത് ഉപയോഗിക്കാതെ റോഡ് മുറിച്ചുകടക്കുന്നവർ അപകടത്തിൽ പെടുന്ന സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.




